Malayala Thilkkam-Session 1

ഒന്നാം ദിവസം

പ്രവർത്തനം 1

പരിചയപ്പെടൽ

പ്രവർത്തനം 2

ഞാൻ സൂര്യൻ

ടീച്ചർ ബോർഡിൽ ഒരു വട്ടമിടുന്നു, എന്താണിത്? കുട്ടികളോട് ചോദിക്കുന്നു. തുടർന്നു രശ്മികൾ വരയ്ക്കുന്നു. ഇപ്പോൾ പറയൂ എന്താണിത്? ആരാണ് ഇവിടുത്തെ സൂര്യൻ? 

ദേ, ഒരു സൂര്യൻ ചിരിക്കുന്നു (ഒരു കുട്ടിയെ ചൂണ്ടുന്നു). ഈ ക്ലാസിൽ

ഇപ്പോൾ........സൂര്യൻമാർ ഉണ്ട് (കുട്ടികളുടെ എണ്ണം), എല്ലാവരും സൂര്യന്റെ ഉള്ളിൽ സ്വന്തം പേരെഴുതിക്കേ? ഞാനും എഴുതാം. ടീച്ചർ സ്വന്തം പേര് സൂര്യന്റെ ഉള്ളിൽ എഴുതുന്നു. തുടർന്ന് കുട്ടികളും വടിവോടെ അവരവരുടെ പേര് പുസ്തകത്തിൽ വൃത്തം വരച്ച് അതിനുള്ളിൽ എഴുതുന്നു.

 

‘ഇനി അമ്മയുടെ പേര് ‘. ടീച്ചർ അമ്മയുടെ പേരെഴുതുന്നു. (കുട്ടികളും) ഇങ്ങനെ വീട്ടിലുള്ളവരുടെ പേരുകൾ എഴുതി പദസൂര്യൻ പൂർത്തിയാക്കുന്നു. പേപ്പറിന്റെ ചുവടു ഭാഗത്തായി ഒരു ചെറിയ വീടും വരയ്ക്കുന്നു. തുടർന്ന് എല്ലാവരും എഴുന്നേറ്റു നിൽക്കുന്നു. ഉറച്ച സ്വരത്തിൽ ആവേശത്തോടെ പറയുന്നു.

വെളിച്ചമേകാൻ

ഇരുട്ട് മാറ്റാൻ

ഉദിച്ചുയരും സൂര്യൻ

ഉദിച്ചുയരും സൂര്യൻ

ഞാൻ, ഉദിച്ചുയരും സൂര്യൻ

സംഘമായി പാടുന്നു. ഈ ചിത്രത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു കാര്യംകൂടി വരച്ചു ചേർക്കട്ടെ.

പ്രവർത്തനം 3

വീടും പുഴയും (പ്രീ-ടെസ്റ്റ്)

ടീച്ചർ 5 വാക്യങ്ങൾ പറയണം.

  1. ഒരു വീട്
  2. വീടിനു മുന്നിൽ ചെടി
  3. ചെടിയിൽ പൂവ്
  4. മുന്നിൽ കടല്‍
  5. കടലില്‍ ബോട്ട്

തുടർന്നുള്ള വാക്യങ്ങൾ കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർത്തെഴുതണം. നിശ്ചിത സമയം കഴിഞ്ഞു പേപ്പർ തിരികെ വാങ്ങണം.

ചുവടെ നൽകിയ മാനദണ്ഡം പ്രകാരം തരംതിരിക്കണം.

ഒന്നും എഴുതാത്തവർ
- അവ്യക്തമായി എഴുതിയവർ
- ഭാഷാപരമായ പ്രശ്നങ്ങൾ കൂടുതൽ ഉള്ളവർ
- അക്ഷരങ്ങളും ചിഹ്നങ്ങളും ശരിയായി എഴുതാത്തവർ

എല്ലാവർക്കും പുതിയ ബുക്ക് നൽകുന്നു. ആദ്യ പേജിൽ സ്വന്തം പേര്, ക്ലാസ്, സ്കൂൾ, സ്ഥലം എന്നിവ മലയാളത്തിൽ എഴുതണം. (പേര് പൂർണ്ണമായി എഴുതാൻ പ്രോത്സാഹിപ്പിക്കണം -ചുറ്റിനടന്ന് എഴുത്ത് വിലയിരുത്തണം. ലേഖന പ്രശ്നങ്ങൾ കണ്ടാൽ സഹായിക്കാം) മലയാളത്തിൽ എഴുതാൻ പ്രയാസമുളളവരെ ഇംഗ്ലീഷിൽ എഴുതാൻ അനുവദിക്കാം. ഏതെല്ലാം കുട്ടികൾക്ക് തെറ്റില്ലാതെ മലയാളത്തിൽ സ്വന്തം പേര് എഴുതാൻ കഴിഞ്ഞു എന്നു കണ്ടെത്തണം. എഴുതിയതിൽ മികച്ച ഒന്ന് (അക്ഷരവടിവ്, വലുപ്പം, ഭംഗി, വരിയകലം) പൊതുവായി പ്രദർശിപ്പിക്കണം. അഭിനന്ദിക്കണം. ഇതുപോലെ ഭംഗിയായി എഴുതാൻ എല്ലാവർക്കും കഴിയും എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കണം.


Revision #2
Created 27 May 2025 05:33:31 by iLab
Updated 27 May 2025 05:40:06 by iLab